കേരളീയ ക്ഷേത്രവാദ്യകലകൾ വളരെ വ്യത്യസ്തവും എന്നാൽ താളഘടനയുടെ അടിസ്ഥാന ഉറച്ചുള്ളതുമാണ്. കാലങ്ങളായുള്ള നിരന്തര പരീക്ഷണങ്ങൾ നടത്തിയ വാദ്യവിശാരദൻമാർ ഇന്നു നാം കേൾക്കുകയും കാണുകയും ചെയ്യുന്ന വാദ്യപ്രയോഗങ്ങളുടെ രൂപത്തിലേക്ക് കൊണ്ടുവന്നു. അങ്ങനെയുള്ള വാദ്യപ്രയോഗങ്ങൾ താന്ത്രികമായുള്ള ചടങ്ങുകൾക്കും ഉത്സവാദി ചടങ്ങുകൾക്കും അവതരിപ്പിക്കാവുന്ന രൂപത്തിലേക്കും മേളം, തായമ്പക, പഞ്ചവാദ്യം, പരിഷവാദ്യം തുടങ്ങിയ അവതരണപ്രധാനമായ ഘടനയിലേക്കും അവർ കൊണ്ടുവന്നു. ഗുരുകുലസമ്പ്രദായത്തിൽ പകർന്നു വന്ന ഈ വാദ്യരൂപങ്ങൾ വാമൊഴിയായും ക്രിയാരൂപത്തിലും ശിഷ്യർക്ക് നൽകിവന്നു. അങ്ങനെയുള്ള ശിഷ്യഗണങ്ങൾ അടിസ്ഥാനത്തിലുറച്ചതും എന്നാൽ നവീനവുമായ പരീക്ഷണങ്ങൾ നടത്തി ആസ്വാദനം വേറൊരു തലത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. ചെണ്ട എന്ന വാദ്യത്തിലെ അതിപ്രഗത്ഭനും ലോകത്തിന് മുൻപിൽ ചെണ്ടയുടെ സ്ഥാനം ഉയർത്തുകയും ചെയ്ത വാദ്യകലാകാരനാനു ശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ.
മട്ടന്നൂർ ആശാൻ അല്ലെങ്കിൽ സ്നേഹത്തോടെ ശങ്കരേട്ടൻ എന്ന് പൊതുവിൽ അറിയപ്പെടുന്ന കലാകാരനായ അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ വാദ്യസപര്യയേയും സാകൂതം വീക്ഷിക്കുന്ന ഒരു ആസാദകനെന്ന നിലയിൽ അദ്ദേഹം കൊട്ടുന്നതിൽ നിന്നും മനസ്സിലാക്കിയ ചില കാര്യങ്ങളും നിരീക്ഷണങ്ങളും എഴുത്തിലേക്ക് വരുത്തുവാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിൻ്റെ വാദ്യസപര്യയുടെ 60 വർഷങ്ങൾ ഈയിടയ്ക്ക് ആഘോഷിച്ചപ്പോൾ ഒരു കുറിപ്പ് ഇട്ടിരുന്നു. അതിനൊരു തുടർച്ച വേണമെന്ന് ആഗ്രഹിച്ചിരുന്നു.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്ന കലാകാരനെ ഒരു വാദ്യ ആസ്വാദകൻ എന്നതിൽ ഉപരി വ്യക്തിപരമായ യാതൊരു പരിചയവും എനിക്കില്ല. വായിച്ചോ, കേട്ടോ, കണ്ടോ അറിഞ്ഞ വാദ്യകലാകാരനായേ എനിക്കറിയൂ. എഴുത്തിലെ പോരായ്മകൾ തെറ്റുകൾ വരുന്നുണ്ടെങ്കിൽ അതാണ് കാരണം.
ഒരു ആസ്വാദക നിരീക്ഷണം എന്ന രീതിയിൽ എഴുത്ത് അദ്ദേഹത്തിൻ്റെ ജീവിതകഥയായ “കാലപ്രമാണം” എന്ന പുസ്തകം ചില കാര്യങ്ങൾക്ക് അവലംബമായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് മൂന്നു ഭാഗങ്ങളായി മുൻപോട്ട് വയ്ക്കുന്നു.
ഭാഗം- 1
പതികാലം:
അങ്ങ് വടക്ക് മട്ടന്നൂർ എന്ന ഗ്രാമത്തിൽ വാദ്യകുടുംബത്തിൽ ജനിച്ച ശങ്കരൻകുട്ടി എന്ന കുട്ടിയുടെ കൊട്ടും ജീവിതവും ചെണ്ട എന്ന വാദ്യവുമായി ഇഴചേർന്നു നിൽക്കുന്നതാണ്. മട്ടന്നൂർ ക്ഷേത്രത്തിലെ അടിയന്തിരവും അച്ഛൻ്റെ കഠിനമായ ശിക്ഷണവും അദ്ദേഹത്തിലെ വാദ്യകലാകരനെ രൂപപ്പെടുത്തിയെടുത്തു. സദനത്തിലെ പഠിത്തവും ശ്രീ. പട്ടാരത്ത് ശങ്കര മാരാരും ശ്രീ. പല്ലാവൂർ മണിയൻ മാരാരും ശ്രീ. സദനം വാസുദേവനും തേച്ചുമിനുക്കിയെടുത്ത രൂപമാണ് ഇന്നിവിടെ നമ്മൾ കാണുന്നത്.
ഗുരുകുല സമ്പ്രദായവും സഹവാസവും സഹവർത്തിത്വവും ഒരു പ്രതിഭയെ എങ്ങനെ ഉരുക്കഴിച്ചെടുക്കാമെന്ന് അദ്ദേഹത്തിൻ്റെ വാദ്യജീവിതം കാണിച്ചു തരുന്നു. ഗുരുത്വം എന്നുള്ളതാണ് എന്തിനേക്കാൾ മഹനീയം. ഗുരുത്വം ഈശ്വര കൃപയോട് കൂടി ശിരസ്സിന് മുകളിൽ നിൽക്കുന്ന കാലത്തോളം ഉയർച്ചയും വളർച്ചയും നിശ്ചയമാണ്. താരതമ്യേന വാദ്യപ്പെരുമ കുറവുള്ള വടക്കൻ നാട്ടിൽ നിന്ന് കൊട്ടിന് വളക്കൂറുള്ള മണ്ണായ പാലക്കാട്ടേക്ക് അവിടുന്ന് തൃശൂരേക്കും വാദ്യാന്വേഷണം നടത്തിയ ശങ്കരൻകുട്ടി ആശാന് കൈനിറയെ അദ്ദേഹത്തിൻ്റെ ഗുരുക്കന്മാർ നൽകി. .
തായമ്പകയാണ് ഒരു വാദ്യകലാകരൻ്റെ ഉരകല്ല്. വാദ്യഗുരുവിൽ നിന്നും സ്വായത്തമാക്കിയ അടിസ്ഥാന പാഠങ്ങളും സ്വ സാധകവും മനോധർമ്മവും ചെണ്ട എന്ന വാദ്യത്തിൻ്റെ സാധ്യതകളും ഉപയോഗിച്ച് പതിഞ്ഞ കാലത്തിൽ തുടങ്ങി മുറുകിയ കാലത്തിൽ അവസാനിക്കുന്ന വാദ്യരൂപം. ഒറ്റയ്ക്കുള്ള പ്രകടനം മാറ്റുരയ്ക്കുന്നത് കലാകാരൻ്റെ ചെണ്ടയുമായുള്ള ചങ്ങാത്തത്തെ ആണെങ്കിൽ ഇരട്ട, തൃ തായമ്പകകൾ ഗ്രാഹ്യത്തെയും ചടുലതയേയും കൂടെ കൊട്ടുന്ന കലാകാരനുമായുള്ള ഇഴുകലിനെയുമാണ്.
ഇരട്ട, തൃ തായമ്പകകൾക്ക് അരങ്ങുകളും ആസ്വാദകരുടെ ആവശ്യകതയും കൂടുതൽ വന്നത് ഈയൊരു കാലത്താണെന്ന് കരുതാം. എത്ര കൊട്ടാനും മടിയില്ലാത്ത ആശാൻ കൊട്ടിത്തുടങ്ങി അറിയപ്പെട്ടു വന്ന കാലം പ്രതിഭകളുടെ വിളനിലം ആയിരുന്നു.
പല്ലാവൂർ അപ്പു മാരാർ, മണിയൻ മാരാർ, കുഞ്ഞുക്കുട്ട മാരാർ, ആലിപ്പറമ്പ് ശിവരാമ പൊതുവാൾ, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാൾ, തൃത്താല കേശവ പൊതുവാൾ, പൂക്കാട്ടിരി ദിവാകര പൊതുവാൾ, സദനം വാസുദേവൻ, എന്നിങ്ങനെ വാദ്യത്തിലെ മഹാരഥന്മാരായുള്ള കലാകാരന്മാരുടെ കൂടെക്കൊട്ടിയതാണ് അദ്ദേഹത്തിൻ്റെ കൊട്ടിലെ ഇന്നുള്ള വൈവിധ്യത്തിനു കാരണം.അവരുടെ കൊട്ട് കേൾക്കാനും കൂടെ കൊട്ടുവാനും അതിലൂടെ തൻ്റെ വാദ്യപ്രയോഗത്തെ മിനുക്കിയെടുക്കാനും അദ്ദേഹം ശ്രമിച്ചു.
പ്രത്യേകം എടുത്തു പറയേണ്ടത് പ്രായത്തിൽ താഴെയുള്ള അദ്ദേഹത്തെ കൂടെ കൊട്ടിക്കുവാൻ അവർ പ്രതിഭയുടെ മിന്നലാട്ടവും പ്രകടനവും അദ്ദേഹത്തിൽ കണ്ടു എന്നുള്ളതാണ്.
ചെണ്ട എന്ന വാദ്യത്തിൻെറ പ്രയോഗസാധ്യതകൾ യാതൊരു ലോപവും വരാതെ ഉപയോഗപ്പെടുത്താൻ അന്നത്തെ കലാകാരൻമാർ ബദ്ധശ്രദ്ധരായിരുന്നു.
തുടരും…
എഴുത്ത് ✍️ : രാജേഷ് രാജേന്ദ്രൻ, കുമാരനല്ലൂർ https://www.facebook.com/rajeshr.gayathri