“മേളം ഏതായാലും താളം നന്നായാൽ മതി” ഈ ചൊല്ല് സൂചിപ്പിക്കുന്നത് മേളങ്ങളിൽ ഇലത്താളത്തിനുള്ള പ്രാധാന്യത്തെ തന്നെ. നാം ഒരു സദ്യ കഴിച്ചെന്നു കരുതുക. സദ്യ നന്നായാൽ പാചകപ്രമാണി അഭിനന്ദിക്കപ്പെടുന്നു. മറിച്ചു കറികൾക്ക് സ്വാദുപോരായിരുന്നെങ്കിൽ ആദ്യ പഴി കേൾക്കുന്നത് ഉപ്പായിരിക്കും. ഇതേ അവസ്ഥയാണ് ഏറെക്കുറെ ഇലത്താളത്തിനും. മേളം നന്നായാൽ മേളപ്രമാണിക്കു പേര്, പോരായ്മയുണ്ടെങ്കിൽ ഇലത്താളക്കാരന് പഴി. പക്ഷെ നാളിതുവരെ ഒരു ഇലത്താള കലാകാരനും ഇതിനെക്കുറിച്ചു പരിഭവം പറഞ്ഞു കേട്ടിട്ടില്ല. അതാണ് അവരുടെ മാന്യത. നിഷ്കാമ സാധനയിലൂടെ ലഭിക്കുന്ന ആത്മ നിർവൃതി.
കേരളീയ വാദ്യമണ്ഡലങ്ങൾ, അനുഷ്ഠാന കലാരൂപങ്ങൾ മുതലായവയിലെ അനുപേക്ഷണീയമായ ഒരു ഘനവാദ്യമാണല്ലോ ഇലത്താളം. ഇലത്താളത്തിന്ടെ “തരിയും” ((മാറ്റൊലി)”ധ്വനിയും” (മുഴക്കം) ഇല്ലാത്ത വാദ്യം – അത് ചെണ്ട മേളമോ, പഞ്ചവാദ്യമോ, കഥകളി മേളമോ ആയിക്കൊള്ളട്ടെ – എങ്ങനെയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ഗുരു- ലഘു അധിഷ്ഠിത താള പദ്ധതിയിൽ ഇലത്താളം ലഘുവിനെ പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും ഇലത്താള കലാകാരന് തന്ടെ സ്വച്ഛന്ദമായ കഴിവത്രയും പ്രകടിപ്പിക്കാൻ അവസരം ഇല്ല തന്നെ. ചെണ്ടക്ക് തായമ്പക , മദ്ദളത്തിനു കേളി, കൊമ്പിനും, കുഴലിനും പറ്റ് എന്നിങ്ങനെ പോകുന്നു തനിയാവർത്തനാവസരങ്ങൾ. ഇവിടെയെല്ലാം ഉത്പ്രേരകം(catalyst) ആയി പ്രവർത്തിക്കുകയാണ് ഇലത്താളം ചെയ്യുന്നത്. യശ്ശ:ശരീരനായ മേള പണ്ഡിതൻ പി എസ് വാരിയർ ഇലത്താളത്തെക്കുറിച്ചു അദ്ദേഹത്തിന്ടെ പുസ്തകത്തിൽ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു,”ചെണ്ടയിലെ അടുത്തടുത്തുള്ള രണ്ടു കൊട്ടുകളെ(കൊട്ടിന്ടെ വേഗം കൂടിയാലും കുറഞ്ഞാലും ശരി) കൂട്ടിയോജിപ്പിക്കുന്ന കണ്ണി ഇലത്താളത്തിന്ടെ ‘ചിഞ്ചിഞ്ചയ്’ ആണ്.”
ബഹുമുഖങ്ങളാണ് ഇലത്താളത്തിന്ടെ ഉപയോഗം. ചെണ്ട മേളങ്ങൾ, പഞ്ചവാദ്യം എന്നിവയിലെ സംവിധാന ചുമതല നിർവഹിക്കുന്ന ഈ വാദ്യോപകരണം കാലവ്യതിയാനങ്ങൾ കണക്കിലെടുത്തു ഇടക്കലാശങ്ങൾക്കുള്ള മുന്നറിവ് നൽകുന്നു. തീർന്നില്ല പ്രസ്തുത മേള രൂപങ്ങളിലെ വിവിധ ഇനം വാദ്യങ്ങളെ പരസ്പരം സംയോജിപ്പിച്ചുകൊണ്ടു ഏകീകൃതമായ,
ശ്രുതിലയത്തോടു കൂടിയ ഒരു ശബ്ദചിത്രം (അഥവാ മേളക്കൊഴുപ്പ്) കാഴ്ചവക്കുന്നതും ഇലത്താളം തന്നെ. ദൃശ്യകലാരൂപങ്ങളിലാകട്ടെ(ഉദാ: കഥകളി) പശ്ചാലത്തിന്ടെ സാന്ദ്രതാ ക്രമീകരണത്തിനു ഇലത്താളം സഹായകരമായി പ്രവർത്തിക്കുന്നു.
പഞ്ചവാദ്യത്തിൽ ഏഴു തിമിലക്കു ഒൻപതു ഇലത്താളം, പൂർണ രൂപത്തിലുള്ള ഒരു മേളത്തിന് ( പഞ്ചാരി അഥവാ പാണ്ടി) ഒരു ഉരുട്ടു ചെണ്ടക്കു മൂന്നു ഇലത്താളം എന്നിങ്ങനെയാണ് ഇലത്താളത്തിന്ടെ അനുപാതം. ഇലത്താളത്തിന്ടെ സദൃശ രൂപങ്ങളായ ജാലർ, ബ്രഹ്മതാളം, മഞ്ജീര, നട്ടുവതാളം മുതലായവ ഭാരതത്തിന്ടെ ഇതര ഭാഗങ്ങളിൽ ഉപയോഗത്തിലുണ്ട്. എന്നാൽ ശബ്ദം, വലുപ്പം, ഉപയോഗം എന്നിവ ഇവയെ ഇലത്താളത്തിൽ നിന്നും വിഭിന്നമാക്കുന്നു.
കൂട്ടിവച്ച കൈക്കുമ്പിളിനോട് ഉപമിക്കാം ഇലത്താളത്തിന്ടെ ആകൃതി (വട്ടയിലയോടാണ് മറ്റു ചിലർ ഇതിനെ ഉപമിക്കാറ്)
ഇതിന്ടെ നടുവിലുള്ള ‘മുഴയിലൂടെ”(കുഴിഞ്ഞ ഭാഗം) കയറിട്ടാണ് ഇവ പിടിക്കുന്നത് ഇലത്താളത്തിന്ടെ ശ്രുതിശുദ്ധത, ശബ്ദാനുയോജ്യത എന്നിവ അതിസൂക്ഷ്മമായ നിർമാണ രീതികളെ ആശ്രയിച്ചിരിക്കുന്നു. മേളാവശ്യത്തിനു രണ്ടു കിലോ തൂക്കമുള്ള ഇലത്താളമാണ് സാധാരണ ഉപയോഗിക്കാറ്. ഘനം കുറഞ്ഞാൽ മുഴക്കം കുറയും. അതുപോലെ തന്നെ ഏറെ പരന്ന താളത്തിൽ തരികൾ(മാറ്റൊലി) വരില്ല.
ഗൃഹോപകരണ നിർമാണത്തിന് ഉപയോഗിക്കുന്ന ശുദ്ധമായ വെള്ളോടിലാണ് ഇലത്താളം നിർമിക്കുന്നത്. ഇലത്താളം “അടിച്ചും” “വാർത്തും” ഉണ്ടാക്കപ്പെടുന്നു. മണലിൽ തീർത്ത വാർപ്പിൽ ഓട് ഉരുക്കി ഒഴിച്ച് ഒരു വിധം പാകമായാൽ തടിയിൽ തീർത്ത കൂടംകൊണ്ട് അടിച്ചു വട്ടം വരുത്തുന്ന രീതിയാണ് ആദ്യത്തേത്. ഇതാണ് പരമ്പരാഗതമായ രീതി. ഇപ്രകാരം അടിച്ചു പരത്തുമ്പോൾ, ഇലത്താളത്തിന്ടെ എല്ലാഭാഗവും ‘മുഴയും’ (കുഴിഞ്ഞ മധ്യഭാഗം) ഒരേ ഘനത്തിലാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലത്താള നിർമാണത്തിലെ പ്രയാസമേറിയ ഘട്ടവും ഇത് തന്നെ. നാല് പേർ ഒത്തൊരുമിച്ചു രണ്ടു ദിവസം തുടർച്ചയായി പണിതാണ് ഒരു സെറ്റു ഇലത്താളം നിർമിക്കുന്നത്. കടവല്ലൂർ(തൃശൂർ ജില്ല) ഗ്രാമത്തിലെ കൊപ്പറമ്പത് കുടുംബക്കാരാണ് പരമ്പരാഗതമായി ഇലത്താളം നിർമിക്കുന്നത്.
വീണ്ടും ഉപയോഗിക്കാവുന്ന കളിമൺ വാർപ്പിൽ വാർത്തെടുക്കുന്നതാണ് വാർപ്പ് ഇലത്താളങ്ങൾ. ഓട്ടുപാത്ര നിർമാണ ശാലകളിൽ ഇവ ഉണ്ടാക്കപ്പെടുന്നു. കഥകളി, മറ്റു അനുഷ്ഠാന കലകൾ, ക്ഷേത്ര അടിയന്തിരങ്ങൾ തുടങ്ങിയവയ്ക്കാണ് വാർത്തെടുത്ത ഇലത്താളങ്ങൾ ഉപയോഗിച്ചു വരുന്നത്. ഗുണമേന്മയിലും, ശബ്ദത്തിലുമുള്ള വ്യതിയാനങ്ങൾ തന്നെ ഇതിനു കാരണം.
മണിയാംപറമ്പിൽ മണി നായർ, ചേലക്കര ഉണ്ണികൃഷ്ണൻ,തറയിൽ ശങ്കരൻ നായർ, പെരുവനം രാജൻ, പെരുവനം വേണു, പല്ലാവൂർ രാഘവ പിഷാരടി, കോതച്ചിറ ശേഖരൻ, ഏഷ്യാഡ് ശശി,ചെങ്ങമനാട് പരമു നായർ, ചെരിയത്തു തങ്കു മാരാർ തുടങ്ങിയ മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതും ആയ ഇലത്താള കലാകാരന്മാരെ ഓർത്തുകൊണ്ട് ( പല പേരുകളും വിട്ടു പോയിട്ടുണ്ടാകാം അത് യാദൃച്ഛികം മാത്രമാണ്) ഈ ലേഖനം സമർപ്പിക്കുന്നു.
✒️ : കെ.വി. മുരളി മോഹൻ
———————————————————————————————————-
കെ.വി. മുരളി മോഹൻ : കലാസാംസ്കാരിക പ്രവർത്തകൻ. സ്വതന്ത്ര ലേഖകൻ. ബ്ലോഗർ. മാതൃഭൂമി, മനോരമ,ദി ഹിന്ദു, എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ. https://www.facebook.com/mohan.kv.372