അഞ്ചു വാദ്യങ്ങൾ തീർക്കുന്ന നാദ പ്രപഞ്ചം പഞ്ചവാദ്യമെന്നപേരിൽ ക്ഷേത്ര വാദ്യ ലോകത്ത് വിരാജിക്കുവാൻ തുടങ്ങിയിട്ട് അധികം നൂറ്റാണ്ടുകൾ ആയിട്ടില്ല. പക്ഷേ, ഒരു പാൽപ്പായസ മധുരമെന്നപോൽ ഏതൊരു ആസ്വാദകൻ്റെ മനസ്സിനെയും പുളകിതമാക്കുവാനും ശ്രവ്യാനന്ദത്തിൽ മറ്റൊരു ലോകത്തെത്തുവാൻ ഈ അഞ്ചു വാദ്യ സമ്മേളനത്തിന് സാധിക്കും. ക്ഷേത്രങ്ങളിൽ മംഗള ദായകമായ ചടങ്ങുകൾക്ക് പഞ്ചവാദ്യം മുൻപന്തിയിലാണ്.
“ത” കാരവും “തോം” കാരവും പുറപ്പെടുവിക്കുന്ന തിമിലയും, *ധി”, “ധീം”, “നാം” എന്ന് വലംതല ഭാഗവും “ത” എന്ന ഇടംതല ഭാഗവുമുള്ള മദ്ദളവും, സപ്തസ്വരങ്ങൾ നൽകുന്ന ഇടയ്ക്കയും ചേർന്നുള്ള തുകൽ വാദ്യങ്ങളും തുറന്നും തരിയിട്ടും പിടിക്കുന്ന ഇലത്താളവും ശ്വാസ വിന്യാസത്തിലൂടെ ശബ്ദ പ്രപഞ്ചം തീർക്കുന്ന കൊമ്പും ചേർന്നുള്ള ലോഹ വാദ്യങ്ങളും ഈ വാദ്യ പ്രപഞ്ചത്തിൻ്റെ കാതലായി മാറുന്നു.
അന്നമനട പരമേശ്വര മാരാർ ഘടനാപരമായ രൂപം നൽകിയ ഇന്നുള്ള ത്രിപുട താളത്തിലുള്ള പഞ്ചവാദ്യം അറിയാനും പഠിക്കാനും ആസ്വദിക്കാനും നിരവധി അനവധി ആളുകൾ പ്രായഭേദമെന്യേ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.
പ്രധാന വാദ്യമായ തിമിലയിൽ വളരെ പരിമിതമായ രണ്ടു ശബ്ദങ്ങൾ മാത്രമാണ് ഒരു കലാകാരൻ്റെ കൈകളിലൂടെ പുറത്തേക്ക് വരുന്നത്. പക്ഷേ അതുയർത്തുന്ന നാദം വേറിട്ടതാണ്. തിമിലയിൽ മികവ് വാദ്യ കലാകാരൻ്റെ സാധകത്തിൻ്റെ നേർസാക്ഷ്യമാണ്.
അങ്ങനെയുള്ള തിമില കലാകാരന്മാരിൽ യുവനിരയിൽ ഏറ്റവും ശ്രദ്ധേയനും പൊതു സമ്മതനുമായ കലാകാരനാണ് ശ്രീ. ഒറ്റപ്പാലം ഹരി.
നെല്ലമ്പാനി പിഷാരത്ത് ശ്രീ. നാരായണൻ്റെയും ശ്രീമതി. സുശീലയുടെയും മകനായി ജനിച്ച ശ്രീ. ഒറ്റപ്പാലം ഹരി തിമിലയിൽ ശ്രീ. ചുനങ്ങാട് മോഹനൻ എന്ന വാദ്യ ഗുരുവിൻ്റെ ശിക്ഷണത്തിലാണ് അരങ്ങേറ്റം കുറിച്ചത്. തിമില എന്ന വാദ്യത്തോടുള്ള പ്രണയം ഹരിയിലേക്ക് എത്തിയത് ഒൻപത് വയസ്സ് എന്ന കുരുന്നു പ്രായത്തിലാണ്. തിമിലയിലെ പ്രഗൽഭനായ ആ ഗുരുവിൻ്റെ ശിക്ഷണമാണ് പിന്നീടങ്ങോട്ടുള്ള പ്രയാണത്തിന് തുടക്കമായത്. അരങ്ങേറ്റ ശേഷം നിരവധിയായ അരങ്ങുകളിൽ പഞ്ചവാദ്യം കൊട്ടിയ ഹരിയെ പിന്നീട് തായമ്പകയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി ആ മാതാപിതാക്കൾ എത്തിച്ചത് സർവശ്രീ പല്ലാവൂർ അപ്പുമാരാരുടെ ശിഷ്യൻ എന്ന് എന്നെന്നും അഭിമാനത്തോടുകൂടി പറയാൻ സാധിക്കുന്ന ശ്രീ. മായന്നൂർ രാജുവിൻ്റെ അടുത്ത്. പതിനാലാം വയസ്സിൽ തായമ്പകയിൽ അരങ്ങേറ്റം നടത്തിയ ഹരിക്ക് ഏറ്റവും ഭാഗ്യവും അനുഗ്രഹവുമായി നിന്നത് സാക്ഷാൽ പല്ലാവൂർ അപ്പുമാരാരിൽ നിന്ന് ചെണ്ട സ്വീകരിച്ചു കൊട്ടാൻ സാധിച്ചു എന്നുള്ളതാണ്.
ശ്രീ. പല്ലാവൂർ അപ്പുമാരാരുടെ കൂടെ പഞ്ചവാദ്യത്തിൽ തിമിലയുമായി ഇടത്തെ അറ്റത്തും വലത്തെ അറ്റത്തുമായി ഹരിയും ജേഷ്ഠൻ ഉണ്ണിയും ധാരാളം അരങ്ങുകളിൽ കൊട്ടി ആ വാദ്യ ലോകത്തെ കൂടുതലായി അറിഞ്ഞു. കൂടാതെ ശ്രീ. കോങ്ങാട് വിജയൻ എന്ന തിമിലയിലെ അതികായനോടൊപ്പം കൊട്ടുവാനും സാധിച്ചിരുന്നു.
വർഷ കാലത്തുള്ള തിമില സാധകം ഈ അതികായന്മാരായ കലാകാരന്മാർക്ക് ഒപ്പമായത് തന്നിലെ കലാകാരനെ കൂടുതൽ നാദ വിസ്മയത്തിലേക്കും കൊട്ടിലെ മൂർച്ചയിലേക്കും എത്തിച്ചു.
തിമിലയിലെ ശാസ്ത്രീയ വശങ്ങൾ പഠിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും നവീനതകൾ കൊണ്ടു വരാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കരിയന്നൂർ നാരായണൻ നമ്പൂതിരി എന്ന തിമിലയിലെ അതിപ്രഗത്ഭനായ ഗുരുസ്ഥാനീയൻ്റെ കൂടെ അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾക്ക് കൂട്ടായി കൊട്ടാൻ ഹരി നിലനിന്നത് കൊട്ടിലെ വൈവിധ്യത്തിലേക്ക് കൂടുതൽ എത്തിച്ചു.
ശ്രീ. ഒറ്റപ്പാലം ഹരിയുടെ ഏറ്റവും വലിയ മേന്മയും അനുഗ്രഹവും തിമിലയിലെ നാദ ശുദ്ധിയാണ്. “ത” “തോം” എന്നീ ശബ്ദങ്ങൾ മനോഹരമായും ഗാംഭീര്യത്തോടെയും വേറിട്ടും കേൾപ്പിക്കുന്ന കലാകാരനാണ് ഹരി. സോപാന സംഗീത രത്നം ശ്രീ. അമ്പലപ്പുഴ വിജയ കുമാർ മട്ടന്നൂർ നടന്ന സദനം രാമചന്ദ്രമാരാർ സ്മാരക പുരസ്ക്കാര ചടങ്ങിൽ ഹരിയേപ്പറ്റി പറഞ്ഞ വളരെ ശ്രദ്ധേയമായ കാര്യമാണ്, “പതിനഞ്ച് തിമിലയുണ്ടെങ്കിൽ പതിനാലിന് മുകളിൽ ഒറ്റപ്പാലം ഹരിയുടെ തിമില നാദം ഉയർന്നു നിൽക്കും എന്നുള്ളതാണ്”. വളരെ അന്വർഥമായ വാക്കുകളായിരുന്നു അത്.
കൃത്യമായ കാലത്തിലുള്ള പതികാലം, വൈവിധ്യം നിറഞ്ഞ പതികാല തീര്, കാലം ഏറാതെയുള്ള കൂട്ടിക്കൊട്ട്, രണ്ടാം കാലവും മൂന്നാം കാലവും എല്ലാം കൃത്യതയിൽ ത്രിപുടയിലെ പ്രയോഗങ്ങൾ, ഗംഭീര തിമില ഇടച്ചിൽ ഇതൊക്കെ ഒരു കണ്ണിനും കാതിനും വിരുന്നായി ഹരിയുടെ പ്രമാണത്തിലെ പഞ്ചവാദ്യത്തിൽ കാണാം. ഇലത്താളം കലാകാരന്മാർക്ക് താളം കൂട്ടിപ്പിടിക്കാവുന്ന കാലത്തിലേ പഞ്ചവാദ്യം കലാശിക്കൂ എന്നുള്ളതും എടുത്ത് പറയേണ്ട കാര്യമാണ്.
തായമ്പകയലെ സംഗീതവഴി എന്നും പല്ലാവൂർ ശൈലി എന്നും അറിയപ്പെടുന്ന ഒരു സൗമ്യ വാദന ശൈലിയുടെ പിന്തുടർച്ചയാണ് ഒറ്റപ്പാലം ഹരിയിൽ കാണുന്നത്. ചെണ്ടയിൽ നിന്നും ശബ്ദം കൊട്ടിയെടുക്കുന്നത് ചെണ്ട പോലും അറിയാതെയാണ്. കാലപ്രമാണം എന്ന നിഷ്കർഷ വളരെയധികം അദ്ദേഹത്തിൻ്റെ തായമ്പകയിൽ കാണാൻ സാധിക്കുന്നതാണ്.
പെരുമാറ്റത്തിലെ സൗമ്യത കൊട്ടിലും നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് ഹരി. കാലം ഇടുന്നത് മുതൽ കലാശിക്കുന്നതു വരെ വളരെ നിയന്ത്രണത്തോടെ ശ്രദ്ധയോടെ കാലപ്രമാണം പുലർത്തി ആസ്വാദ്യകരമാക്കി അവസാനിപ്പിക്കുന്ന ശൈലിയാണ് ഏതൊരു കൊട്ടരങ്ങിലും പുലർത്തുന്നത്.
വർഷങ്ങളായി തൃശൂർ പൂരം ഉൾപ്പടെയുള്ള പേരുകേട്ട പൂരങ്ങൾക്കും ഉത്സവങ്ങൾക്കും നിറ സാന്നിധ്യമാണ് ഹരി. പ്രമാണിമാർ നൽകി വന്ന ഈയൊരു പരിഗണന പഞ്ചവാദ്യത്തിലെ മുതിർന്ന കലാകാരന്മാരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു. തൽഫലമായി അംഗീകാരങ്ങളും തേടിവന്നു.
കരിക്കാട് പട്ടിമുറി ബാലനരസിംഹമുദ്ര, പെരുമ്പാവൂർ പഞ്ചവാദ്യ സമിതിയുടെ സുവർണ്ണമുദ്ര, ക്ഷേതവാദ്യ കലാസമിതിയുടെ പെരുവനം നാരായണൻ നമ്പീശൻ യുവ പ്രതിഭാ പുരസ്കാരം, മട്ടന്നൂർ രാമചന്ദ്ര മാരാർ സ്മാരക വാദ്യകലാ പുരസ്കാരം എന്നിവ പ്രധാനപ്പെട്ടവയാണ്.
അച്ഛനും അമ്മയും സഹോദരിയും സഹോദരനും ഹരിക്ക് നൽകുന്ന പിന്തുണ പറഞ്ഞാൽ തീരാത്തതാണ്. ഇത്രയും ഏകാഗ്രമായി ഈ കലാകാരൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചോദിച്ചാൽ ആ കുടുംബം തന്നെയാണ് അതിനുത്തരം. മക്കളുടെ താൽപര്യത്തിന് ഇത്രയും പിന്തുണ നൽകിയ മാതാപിതാക്കൾ അപൂർവ്വമാണ്. ഒരിക്കലെങ്കിലും ആ വീട്ടിൽ പോയവർ മറക്കില്ല ആതിഥ്യവും സ്നേഹവും.
ഈ പുരസ്കാരങ്ങൾ എല്ലാം തന്നെ ഏറെ അഭിമാനത്തോടെ കാണുന്ന രണ്ടു ഗുരുക്കന്മാരും ഹരിയുടെ കൂടെ എന്നെന്നും ഉണ്ട്. ഗുരുക്കന്മാരുടെ പ്രശസ്തിയുടെ കൂടെ ശിഷ്യൻ്റെ മികവിലൂടെ അവരുടെ മനം നിറയുന്നതും കണ്ടുകൊണ്ടിരിക്കുന്നു.
പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ വളരെ ചുരുങ്ങിയ നാൾ കൊണ്ട് എൻ്റെ മനസ്സ് കീഴടക്കിയ ഈ സൗമ്യനായ കലാകാരനെ “തിമിലനാദം” എന്ന വിശേഷണം നൽകാനാണ് എൻ്റെ മനസ്സ് പറയുന്നത്. ആസ്വാദകരുടെ വിശേഷണങ്ങളെ അതേ സൗമ്യതയിൽ സ്വീകരിക്കുന്ന പ്രിയ സുഹൃത്തിന് മുന്നിലുള്ളത് തുറന്നിട്ട വാതായനങ്ങളാണ്, അത് പഞ്ചവാദ്യത്തിന് ഉയർച്ചയും നിറവും ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
✍️ രാജേഷ് രാജേന്ദ്രൻ കുമാരനല്ലൂർ https://www.facebook.com/rajeshr.gayathri