കലയുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിൽ വാഴക്കാട് ശ്രീ ഹരിദാസ കുറുപ്പിന്റെയും വസന്തകുമാരിയുടെയും ഇളയപുത്രനായി ജനിച്ചു. ചെറുപ്പം മുതലേ കൊട്ടിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന രഘു അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ശ്രീ കലാമണ്ഡലം ബാലസുന്ദരൻ ആശാന്റെ കീഴിൽ ചെണ്ട പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ് തൊട്ട് അഞ്ച് വർഷം കലാമണ്ഡലത്തിൽ ചേർന്ന് ചെണ്ട അഭ്യസിച്ചു. തായമ്പക, കഥകളി ചെണ്ട എന്നിവ ഹൃദിസ്ഥമാക്കി വാദ്യലോകത്തേക്ക് ചുവടു വച്ച രഘു പിന്നീട് ശ്രീ കലാമണ്ഡലം മഞ്ചേരി ഹരിദാസിന്റെ കൂടെ വാദ്യലോകത്ത് നിറസാനിധ്യമായി മാറി. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമരാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. നൂറിൽ പരം വിദ്യാർത്ഥികളെ ചെണ്ട അഭ്യസിപിച്ച് അരങ്ങേറ്റം കഴിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തായമ്പക, കേളി, മേളം, ഈടും കൂറും, കളപ്രദക്ഷിണം, കഥകളി ചെണ്ട തുടങ്ങി സർവമേഖലകളിലും അദ്ദേഹം ചെണ്ട വാദനം വൃത്തിയായി കൈകാര്യം ചെയ്തു പോരുന്നു.
കലാമണ്ഡലത്തിൽ നിന്നും കലാമണ്ഡലം രാധാകൃഷ്ണൻ, കലാമണ്ഡലം രാജൻ, കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ എന്നിവരുടെ ശിഷ്യത്വത്തിൽ പഠനം പൂർത്തീകരിച്ച അദ്ദേഹം ശ്രീ സദനം രാമകൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി, മടിയൻ രാധാകൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർക്ക് കീഴിൽ ഉപരിപഠനം നടത്തി.
ചെണ്ടക്കൊപ്പം കുലത്തൊഴിലായ കളമെഴുത്തുപാട്ടിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. കല്ലാറ്റ് രാമചന്ദ്രകുറുപ്പ്, പട്ടാമ്പി ബേബി കുറുപ്പ്, അച്ഛൻ ഹരിദാസ കുറുപ്പ് എന്നിവരിൽ നിന്നാണ് കളമെഴുത്ത് പാട്ട് അഭ്യസിച്ചത്.
വാദ്യകലയുടെ ഉന്നമനം ലക്ഷ്യം വച്ച് പുതു തലമുറക്ക് വാദ്യകല പകർന്നു നൽകുന്നതിനായി വെള്ളിനേഴി ആസ്ഥാനമാക്കി വാദ്യാലയ വാദ്യകല പഠന കേന്ദ്രം എന്നപേരിൽ ഒരു സ്ഥാപനവും അദ്ദേഹം നടത്തി വരുന്നു.
അച്ഛൻ അമ്മ, ഭാര്യ സിന്ധു, മകൻ ശ്രീഹരി എന്നിവർക്കൊപ്പം വെള്ളിനേഴി കാന്തള്ളൂർ ക്ഷേത്രത്തിനടുത്ത് ആണ് അദ്ദേഹം താമസിക്കുന്നത്.
✍️ : വിപിൻ നായർ https://www.facebook.com/nairvipin
വാദ്യകലയെ അതിന്റെ പവിത്രതയോടെ ആത്മാർത്ഥമായി കൊണ്ടു നടക്കുന്ന കലകാരനാണ് രഘുഏട്ടൻ . അദ്ദേഹത്തിന്റെ അർപ്പണബോധവും കഴിവും ഇനിയുമേറെ ഖ്യാതി അർഹിക്കുന്നതാണ്. സർവ്വേശ്വരാനാൽ ഇനിയും ഏട്ടന് ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ ….