പഞ്ചവാദ്യത്തിലെ അതുല്ല്യ കലാകാരനായിരുന്ന അന്നമനട പരമേശ്വര മാരാരുടെ മൂന്നാം സ്മൃതി ദിനം 2022 ജൂൺ 12 ന് പാറമേക്കാവ് അഗ്രശാല ഓഡിറ്റോറിയത്തിൽ വെച്ച് അന്നമനട പരമേശ്വര മാരാർ കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 2 മണിക്ക് മേള കലാനിധി കിഴക്കൂട്ട് അനിയൻ മാരാർ പരമേശ്വര മാരാരുടെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിക്കും. തുടർന്ന് കാവാലം വിനോദ്, ബാലുശ്ശേരി കൃഷ്ണദാസ് എന്നിവരുടെ സോപാനസംഗീതവും 2.45 ന് കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം ഹരീഷ് മാരാർ & സംഘം അവതരിപ്പിക്കുന്ന ഡബിൾ തായമ്പകയും അരങ്ങേറും.
വൈകിട്ട് 4.15 ന് ആരംഭിക്കുന്ന പരമേശ്വര സ്മൃതിയിൽ കല്ലേക്കുളങ്ങര അച്യുതൻ കുട്ടിമാരാർ, കാലടി കൃഷ്ണയ്യർ,കരിയന്നൂർ നാരായണൻ നമ്പൂതിരി, പെരുവനം സതീശൻ മാരാർ, ചോറ്റാനിക്കര സുഭാഷ് മാരാർ, വിവിധ ദേവസ്വം പ്രതിനിധികൾ, തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കും.പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചലച്ചിത്ര താരം ജയരാജ് വാര്യർ എന്നിവർ ഈ വർഷത്തെ പുരസ്കാര ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമർപ്പിക്കും.
2021 ലെ അന്നമനട പരമേശ്വര മാരാർ സ്മൃതി പുരസ്കാരം പരക്കാട് തങ്കപ്പൻ മാരാർക്കും 2022 ലേത് പുലാപ്പറ്റ തങ്കമണിക്കും നൽകും.കലാമണ്ഡലം ബലരാമൻ-പൂക്കാട്ടിരി ദിവാകര പൊതുവാൾ പുരസ്കാരം, വിദ്യാധരൻ മാസ്റ്റർ – കൊടകര മാധവൻ സ്മൃതി പുരസ്കാരം, കലാമണ്ഡലം ഹുസ്ന ബാനു ടീച്ചർ-ജമിനി ടിം.ആർ.ഗോപാലകൃഷ്ണൻ നാട്യ പുരസ്കാരം, പട്ടിക്കാട് അജി-മഠത്തിക്കാട്ടിൽ കൃഷ്ണൻകുട്ടി നായർ യുവപ്രതിഭാ പുരസ്കാരം എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.
തുടർന്ന് വൈകിട്ട് 6.30 ന് പരക്കാട് തങ്കപ്പൻ മാരാരുടെ പ്രമാണത്തിൽ ത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറും.കലാമണ്ഡലം കുട്ടിനാരായണൻ മദ്ദളത്തിലും തിച്ചൂർ മോഹനൻ ഇടയ്ക്കയിലും മച്ചാട് രാമചന്ദ്രൻ കൊമ്പിലും പാഞ്ഞാൾ വേലുക്കുട്ടി ഇലത്താളത്തിലും നേതൃത്വം വഹിക്കും.