സ്കൂളിൽ പഠിക്കുന്ന കാലത്തു വാദ്യകലാകാരന്മാർ തന്നെയായിരുന്നു എന്റെ യഥാർത്ഥ ഹീറോസ്.. അവരോട് എനിക്കുതോന്നിയിട്ടുള്ള വീരാരാധന മറ്റാരോടും തോന്നിയിട്ടില്ല.. ഒരിക്കൽ ഞാൻ അമ്മയോടൊത്തു പല്ലാവൂർ മഠത്തിൽ വീട്ടിൽ ഒരു കല്യാണത്തിന് പോയി.. രണ്ടുവശവും പച്ച പാഠങ്ങളുടെ നടുവിലൂടെ ഉള്ള റോഡിലൂടെ നല്ല ശുദ്ധമായ തണുത്ത കാറ്റും ശ്വസിച്ചുകൊണ്ടുള്ള ബസ് യാത്ര ഞാൻ ഇന്നും മറന്നിട്ടില്ല..
പാലക്കാടു ജില്ലയിൽ ഏറ്റവും കൂടുതൽ ജല സ്രോതസ്സുകൾ ഉള്ള സ്ഥലമാണ് പല്ലാവൂർ.. പച്ച പാടങ്ങളും ശുദ്ധജല കുളങ്ങളും പല്ലാവൂരിന്റെ തെക്കുഭാഗത്തായി നിലകൊള്ളുന്ന നെല്ലിയാമ്പതി മലകളും പല്ലാവൂരിനെ പ്രകൃതിരമണീയമാക്കുന്നു.. ബസ് ഇറങ്ങി പാടത്തുകൂടി നല്ലോണം നടന്നിട്ടുവേണം മഠത്തിൽ വീട്ടിൽ എത്താൻ… കല്യാണം കഴിഞ്ഞു വൈകുന്നേരം അമ്മയോടൊപ്പം മടങ്ങുമ്പോൾ മറ്റൊരു വഴിയിലൂടെയാണ് തിരിച്ചുവന്നത്.. ആ വഴിയിലായിരുന്നു ശ്രി ത്രിപല്ലാവൂര് ശിവ ക്ഷേത്രം…
ശിവന്റെ ഭൂതഗണങ്ങൾ നിർമിച്ച അമ്പലമാണെന്നു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അമ്പലം നേരിൽ കണ്ടപ്പോൾ കേട്ടതെല്ലാം സത്യമാണെന്നു തോന്നി.. ..അത്രയ്ക്ക് വലിയ കൂറ്റൻ കരിങ്കൽ മതിലുകൾ.. അമ്പലത്തിന്റെ മുൻപിൽ എത്താറായപ്പോൾ എനിക്ക് വെറുതെ തോന്നി, പല്ലാവൂർ എന്ന ഒരു ദേശത്തിന്റെ സ്ഥലപ്പേര് സ്വന്തം പേരാക്കിമാറ്റിയ അപ്പുമാരാരെയെങ്ങാനും കാണുവാൻ പറ്റുമോയെന്നു.. അമ്പലത്തിന്റെ മുൻപിൽ ‘അമ്മ തൊഴുകാൻ നിന്നപ്പോൾ വൈകുന്നേരം നടതുറന്നിട്ടേയുള്ളു.. അമ്പലം നിൽക്കുന്ന ഉയർന്ന ഭാഗത്തേക്ക് ഞാൻ നോക്കി നിൽക്കുമ്പോൾ അതാ വരുന്നു, ആജാനബാഹുവായ പല്ലാവൂർ അപ്പുമാരാർ..
ഒരൊറ്റ അടി കൊടുത്തു് ഒരു സിംഹത്തിനെ കൊല്ലുന്ന ഇംഗ്ലീഷ് കഥകളിലെ നായകൻ ടാർസൺ എന്ന കഥാപാത്രത്തിന്റെ അതെ ശരീരപ്രകൃതി… ഒരു പൊട്ട ധൈര്യത്തിന്റെ ബലത്തിൽ ഞാൻ ഓടിപോയി അദ്ദേഹത്തിനോട് ചോദിച്ചു” അപ്പുവേട്ടന്നെ കൊട്ടുപടിപ്പിച്ചതാരായിരുന്നു”? പിന്നിൽ നിന്നും ‘അമ്മ ” ശ്, ശ്, ” എന്ന ശബ്ദം ഉണ്ടാക്കി.. അപ്പുമാരാർ ചിരിച്ചു.. പിന്നെ എന്നെ അടുത്തുവിളിച്ചു നിർത്തി അമ്പലത്തിലേക്ക് നോക്കാൻ പറഞ്ഞു.. ഞാൻ കണ്ടത് ത്രിപല്ലാവൂര് അപ്പന്റെ വിളക്കുതെളിഞ്ഞ നാലമ്പലമാണ്.. അപ്പുമാരാർ എന്നോട് കൗതുകത്തോടെ പറഞ്ഞു ” തൃപ്പല്ലാവൂരപ്പൻ ആണ് എന്റെ ഗുരു “…..ആ പറഞ്ഞത് സത്യമാണ് എന്ന് എനിക്ക് പിന്നീട് മനസ്സിലായി.. ഒരു ഗുരു എന്നുപറയാൻ അപ്പുമാരാർക്കു ആരും ഉണ്ടായിരുന്നില്ല.. നാദബ്രഹ്മത്തിൻറെ മൂർത്തിമത് ഭാവമായ പരമ ശിവൻ എന്ന ത്രിപല്ലാവൂരപ്പനെ ധ്യാനിച്ച് അപ്പുമാരാർ എല്ലാം സ്വയം ആർജിച്ചതാണ്.. ഏകലവ്യൻ ദ്രോണാചാര്യരെ സ്വീകരിച്ചപോലെ അപ്പുമാരാർ ത്രിപല്ലാവൂരപ്പനെ മനസഗുരുവായി കണ്ടു.. ത്രിപല്ലാവൂരപ്പന്റെ നടക്കൽ അപ്പുമാരാർ കൊട്ടുന്ന തായമ്പകക്കു ഒരു പ്രത്യേകതയുണ്ടായിരുന്നു.. ആ തായമ്പകയിൽ ഇടക്ക, ഗഞ്ചിറ, തവിൽ, ഉടുക്ക്, ഘടം, ചെണ്ട എന്നെ സർവ വാദ്യ ഉപകരണങ്ങളുടെയും നടകളും ജതികളും ഉൾക്കൊളളിച്ചുകൊണ്ടു ത്രിപല്ലാവൂരപ്പനായ ശിവന് താണ്ഡവപ്രധാനമായ ഒരു പ്രചണ്ഡതാളരൂപം ചമച്ചു സമർപ്പിക്കുകയാണ് അപ്പുമാരാർ ചെയ്തിട്ടുള്ളത്..
തൃപ്പല്ലാവൂരപ്പന്റെ ഇതേ നടയ്ക്കൽ വച്ചാണ് പല്ലാവൂർ അപ്പുമാരാരും തൃത്താല കേശവപ്പൊതുവാളും ചേർന്ന് ഒന്നിച്ചു ആദ്യമായി ഒരു ഇരട്ട തായമ്പക കൊട്ടിയത്… പരസ്പര മാത്സര്യത്തിന്റേതല്ല, മറിച്ചു, ഇണക്കത്തിന്റെ കലയാണ് ഇരട്ട തായമ്പക എന്ന് അവർ രണ്ടു പേരും ചേർന്ന് ഞങ്ങൾക്ക് അന്ന് കൊട്ടി കാണിച്ചു തന്നു.. വാദ്യ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും രണ്ടുപേരുടെയും വഴികൾ വിഭിന്നമായിരുന്നുവെങ്കിലും ഇരട്ട തായമ്പകയിൽ അവർ ഗുരുവും വായുവും പോലെ ഒരുമിച്ചു നിന്നു… രണ്ടുപേരും ചേർന്ന് കൊട്ടേണ്ട combination Bits ഒത്തൊരുമയോടും ഹൃദ്യതയോടും കൊട്ടി സാക്ഷാത്കരിച്ചു.. ഒരുമിച്ചു കൊട്ടുന്ന സന്ദർഭംവരുമ്പോൾ അവർതമ്മിലുള്ള ശരീര ഭാഷയും, അംഗചലനങ്ങളിലൂടെയുള്ള ആശയവിനിമയങ്ങളും ( പ്രതേകിച്ചും Repetition Notes വരുമ്പോൾ) ഇതിനുപുറമെ താളം കൊട്ടുന്നതിനിടയിൽ ഇടതു കൈകൊണ്ടുള്ള മുദ്രകളും തായമ്പകയെ കർണാനന്ദകരം മാത്രമല്ല നയനാനന്തകരവും ആക്കി മാറ്റുന്നു..!!
പിന്നീട്, ഏതോ ഒരു ഘട്ടത്തിൽ വച്ച് ജീവിതത്തിന്റെ നല്ല വഴിത്താരകളിൽ നിന്നകന്നു വികലമായ ഒരു വഴിയിലൂടെ സ്വപ്നാടനവും ദേശാടനവും നടത്തി വീഥിയിലെങ്ങോ വീണു പോയി അസ്തമിച്ച കേശവപ്പൊതുവാളെക്കുറിച്ചു സ്നേഹപൂർവ്വവും ദുഃഖപൂർവവും തന്റെ സ്വന്തം ആത്മകഥയായ “പ്രമാണം” എന്ന പുസ്തകത്തിൽ ഓര്മിക്കാനും അപ്പുമാരാർ മറന്നില്ല.. സാധാരണയായി തൃത്താല കേശവപ്പൊതുവാളെ തായമ്പകക്കു ക്ഷണിച്ചാൽ വളരെ അപൂർവമായേ സമയത്തിന്നെത്താറുള്ളു.. പക്ഷെ, അപ്പുമാരാരുമൊത്തുള്ള ആദ്യത്തെ double തായമ്പകക്കു ഒരു ദിവസ്സം മുൻപുതന്നെ അദ്ദേഹം പല്ലാവൂരിലെത്തി.. അപ്പുമാരാർ തായമ്പക ദിവസ്സം വൈകുന്നേരം കുനിശ്ശേരിയിൽ നിന്നും വന്നു.. തായമ്പക തുടങ്ങുന്നതിനു മുൻപുള്ള കേളി ആരംഭിച്ചു ആദ്യത്തെ “ഡും” എന്ന ശബ്ദം ചെണ്ടയുടെ വലന്തലയിൽ വീണപ്പോൾ അപ്പുമാരാർ വളരെ വാത്സല്യപൂർവ്വം കേശവപ്പൊതുവാളെ അരുകിൽ വിളിച്ചു ചെവിയിൽ പറഞ്ഞു ” ഇന്ന് നിന്നെ ഞാൻ വിടില്ല”.. ഇത് കേട്ട് പരിഭ്രാന്തനായ കേശവപ്പൊതുവാൾ പറഞ്ഞു ” അപ്പേട്ട,, ഏയ്യ്, അങ്ങിനെയൊന്നും വേണ്ട..അപ്പേട്ട”.. വെറുതെ ഒരു തമാശക്ക് പറയും എന്നല്ലാതെ അപ്പുമാരാർക്കു കേശവപ്പൊതുവാളോട് വലിയ ഒരു ഇഷ്ടവും വാത്സല്യവുമായിരുന്നു..
ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയിട്ടുള്ള ഏതെങ്കിലും കലാകാരന്മാരുടെ തായമ്പക കേൾക്കാൻ ആഗ്രഹമുണ്ടോ എന്ന് എന്നെങ്കിലും ഒരിക്കൽ മൃത്യുദേവൻ എന്നോടുചോദിക്കുകയാണെങ്കിൽ എന്റെ ഉത്തരം റെഡി.. ” ഒരിക്കൽ കൂടി എന്റെമുന്പിൽ കൊണ്ട് വരൂ പല്ലാവൂർ അപ്പുമാരാരെയും തൃത്താല കേശവപ്പൊതുവാളേയും… ഒരു double തായമ്പകക്കുവേണ്ടി.. ഒരൊറ്റ പ്രാവശ്യം കൂടി”…. ഒരിക്കൽ തായംബകക്കിടയിൽ തമിഴ്ന്നാട്ടിലെ “പറ” വാദ്യത്തിന്റെയും “തകിൽ” വാദ്യത്തിന്റെയും തീരു അപ്പുമാരാർ വായിക്കുന്നത് ഞാൻ നേരിട്ടുകേട്ടിട്ടുണ്ട്..
അപ്പുമാരാരുടെ പല്ലാവൂരപ്പന്റെ നടക്കലെ തായമ്പകക്കു ഒരു പ്രത്യേക ഉണ്ടെന്നു ഞാൻ നേരത്തെതന്നെ പറഞ്ഞിട്ടുണ്ടല്ലോ.. ഒരിക്കൽ ഏഴാംവിളക്കിനു പെരിഞ്ചേരി കുംടുംബക്കാരുടെ വിളക്കുദിവസ്സം പല്ലാവൂർ അപ്പുമാരാർ കൊട്ടിയതായമ്പകക്കിടയിൽ തൃപ്പല്ലാവൂരപ്പൻ സർപ്പരൂപം ധരിച്ചു വന്നുവെന്നും തായമ്പക കേട്ടുകൊണ്ടിരുന്ന ആളുകൾ പരിഭ്രാന്തരായപ്പോൾ അമ്പലത്തിലെ തന്ത്രി ഇത് വെറും സർപ്പമല്ലെന്നും ശിവസ്വരൂപമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ശുഭസൂചകമാണെന്നു പറയുകയും സർപ്പം കുറെ നേരം അവിടെയെല്ലാം ചുറ്റി പറ്റി നിന്ന് പിന്നീട് അപ്രത്യക്ഷമായി എന്നും പല്ലാവൂരിലെ പഴമക്കാർ പറയുന്നു.. ഈ സംഭവം ഒരു സത്യ സംഭവമായിത്തന്നെ പല്ലാവൂരിലെ പഴയ തലമുറ ഇന്നും വിശ്വസിക്കുന്നു !!!
ഒരിക്കൽ പല്ലാവൂരിൽ ഏഴാംവിളക്കിനു അപ്പുമാരാർ പെരിഞ്ചേരി കുടുംബക്കാർക്കുവേണ്ടി തൃപ്പല്ലാവൂരപ്പന്റെ നടക്കൽ കൊട്ടുന്ന തായമ്പക കേൾക്കാൻ പോയി.. തായമ്പക കേട്ട് കഴിഞ്ഞപ്പോൾ അപ്പുമാരാർക്കു എന്തെങ്കിലും പാരിതോഷികം കൊടുക്കേണമെന്നു തോന്നി.. കൈയ്യിലാണെങ്കിൽ പൈസ ഒന്നും ഇല്ല.. അങ്ങിനെ വിഷമിച്ചു നിൽക്കുമ്പോൾ പൊടുന്നനെ എന്റെ മുൻപിൽ എന്റെ ചങ്ങാതി കരാട്ടെ ശശി വന്നു നിൽക്കുന്നു.. കരാട്ടെ ശശിയുടെകയ്യിൽ നിന്നും പൈസവാങ്ങി അപ്പുമാരാരുടെ കയ്യിൽ ഒരു പാരിതോഷികമായി അർപ്പിച്ചു.. “എനിക്ക് കുറച്ചു തിരക്കുണ്ട്” എന്നും പറഞ്ഞു ശശി പെട്ടെന്നുതന്നെ പോയി.. ഈ സംഭവത്തിനു ശേഷം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അന്ന് കരാട്ടെ ശശിയുടെ രൂപേണ എന്റെമുന്പിൽ വന്നു നിന്നത് തൃപ്പല്ലാവൂരപ്പൻ തന്നെ ആയിരുന്നില്ലേ എന്ന്….
തായമ്പകയിൽ മറ്റു വാദ്യവിശേഷങ്ങളിലെ ചൊല്ലും തീരും നടയും ജാതിയുമെല്ലാം കൊണ്ടുവരുവാൻ സഹായിച്ചത് അഞ്ചു കൊല്ലം പല്ലാവൂർ മാണി ഭഗവതരിൽ നിന്നും പഠിച്ച ശാസ്ത്രീയ സംഗീതത്തിന്റെ കരുത്തുതന്നെയാണ്.. ജന്മം കൊണ്ട് തിരുവഞ്ചികുളംകാരനാണെങ്കിലും കർമം കൊണ്ട് പല്ലാവൂര്കാരനായ ആളാണ് അപ്പുമാരാർ….ചെറിയ വയസ്സിൽ തന്നെ പല്ലാവൂർ എത്തിയ അദ്ദേഹത്തിന്റെ ആദ്യ സമാഗമം സാക്ഷാൽ തിരുവിൽവാമല കൊളന്തസ്വാമി ആയിരുന്നു.. ഒരു തായമ്പക മുഴുവൻ ഒറ്റയിരുപ്പിൽ വായ്ത്താരിയിൽ അവതരിപ്പിച്ച തമിഴ്ന്നാട്ടുകാരൻ ബ്രാഹ്മണൻ.. അദ്ദേഹത്തിന്റെ സഹോദരൻ ആകട്ടെ, തിരുവിൽവാമല വെങ്കിച്ചൻ സ്വാമി.. മദ്ദളത്തിന്റെ മറുകര കണ്ട മഹാനുഭാവൻ.. പണ്ട് മദ്ദളം കഴുത്തിൽ ധരിച്ചാണ് കലാകാരൻമാർ വായിച്ചിരുന്നത്.. വെങ്കിച്ചൻ സ്വാമിയാണ് നാം ഇന്ന് കാണുന്നത് പോലെ മദ്ദളത്തിനെ അരയിൽ ചുറ്റിയിട്ടു വായിക്കാം എന്ന് പഠിപ്പിച്ചതും പ്രചരിപ്പിച്ചതും.. കൊളന്ത സ്വാമിക്ക് സാധകത്തിന്റെ കുറവുകാരണം ചെണ്ടയിൽ വായന കുറവായിരുന്നു.. അതിനാൽ അപ്പുവിനെ അടുത്തുവിളിച്ചു തായമ്പകയിൽ ഓരോ വർണങ്ങളും ചൊല്ലിക്കൊടുക്കും…അപ്പു അത് ചെണ്ടയിൽ വായിക്കും.. ഇതാണ് പഠനരീതി.. അങ്ങിനെ വായ്ത്താരി വിശാരദനായ കൊളന്തസ്വാമിയും ചെണ്ടയിലെ ബാല സൂര്യനായ് അപ്പുവും ചേർന്നുള്ള തായമ്പക എന്ന രാജകലയിലെ സമന്വയത്തിൽ പല്ലാവൂർ അപ്പുമാരാർ എന്ന താളവാദ്യത്തിന്റെ തമ്പുരാൻ രൂപാന്തരപ്പെടുകയായിരുന്നു..
കുറച്ചുകാലത്തിനുശേഷം അപ്പുവിന്റെ അരങ്ങേറ്റം നടന്നു.. പെട്ടെന്നുതന്നെ ആ പേര് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അന്നുകാലത്തേ തായമ്പകയിലെ കാരണവന്മാർപോലും ഈ കൊച്ചുപയ്യന്റെ പേര് ശ്രദ്ധിക്കാൻ തുടങ്ങി.. കുളന്തസ്വാമിയാകട്ടെ ശിഷ്യനോടുള്ള ഉൾപ്രേമം വർധിച്ചു ക്രമേണ അത് ഒരു ആരാധനയായിമാറി.. പല അമ്പലങ്ങളിലായി നടക്കുന്ന അപ്പുവിന്റെ തായമ്പകയെപ്പറ്റിയ ആളുകളുടെ അനുമോദനത്തിൽ നിർവൃതികൊണ്ടു കൊളന്ത സ്വാമിയാർ…. എന്നാൽ അപ്പുവിന്റെ തായമ്പകയുടെ മുന്നിൽ വന്നിരിക്കാതെ ദൂരെനിന്നും മറഞ്ഞിരുന്നു കാണുന്നതിലായിരുന്നു സ്വാമിക്ക് താല്പര്യം.
സ്വന്തം സ്വരൂപം കാണിക്കാതെ അകന്നു നിന്ന് തായമ്പക ആസ്വദിക്കാനായിരുന്നു കൊളത്ത സ്വാമി കൂടുതൽ ഇഷ്ടപ്പെട്ടത്.. അങ്ങിനെ അപ്പുവിന്റെ തായമ്പക നടക്കുന്ന അമ്പലത്തിന്റെ ചിത്രത്തൂണിന്റെ പിന്നിലും ചുറ്റമ്പലത്തിൽ കൊട്ടിലിലെ അഴികൾക്കുപിന്നിലും മറഞ്ഞു നിന്നും ചിലപ്പോൾ ആരാധകരുടെ ഒരു അറ്റം ചേർന്നിരുന്നു ഒരു കട്ടി പുതപ്പുകൊണ്ട് തലയിലൂടെ മുക്കാടം ഇട്ടു രണ്ടു കണ്ണുകൾ മാത്രം വെളിയിൽ കാണിച്ചു തായമ്പക കേൾക്കുവാനായിരുന്നു താല്പര്യം…
അപ്പുവിന്റെ അടന്ത കൂറ് കൊളന്തസ്വാമിക്ക് എന്നും ഒരു അദ്ഭുതമായിരുന്നു.അടന്തയിൽ അപ്പുവിനെ പിടിച്ചാൽ കിട്ടാൻബുദ്ധിമുട്ടാണെന്നു പറയുമായിരുന്നു.. അടന്തക്കൂര് കൊട്ടുമ്പോൾ അപ്പുമാരാർക്കു വേണ്ടി വട്ടംപിടിച്ചു വെട്ടിലാകുന്ന ചെണ്ടക്കാരെ നോക്കി കൊളന്ത സ്വാമി അത്ഭുതപെടുമായിരുന്നു.. പക്കമേളക്കാർക്കു വട്ടംപിടിക്കാൻ ബുദ്ധിമുട്ടാകുമ്പോൾ അപ്പുമാരാർ തള്ളവിരലിന്റെ പെരുവിരൽ കൊണ്ട് താളം പിടിച്ചു അവർക്കു നേർവഴികാട്ടി കൊടുത്തതും സ്വാമിയാർക്കു നന്നേ ബോധിച്ചു.. തൻറെ വായ്ത്താരിയിലും വ്യാകരണത്തിലും അപ്പുറത്തുള്ള അപ്പുവിന്റെ വായന കണ്ടു ഈ വിദ്യകളെല്ലാം ഏതു ഗുരുവിൽ നിന്നും ലഭിക്കുന്നു എന്നാലോചിച്ചു സ്വാമിയാർ ആശ്ചര്യപ്പെട്ടു…..
ഒരു ഗുരു എന്ന നിലയിൽ ഈ കാര്യമെല്ലാം നേരിട്ട് ചോദിക്കാനും ഒരു മടി.. അങ്ങിനെ ഒരിക്കൽ തിരുവിൽവാമല വിലാദ്രി നാഥന്റെ അമ്പലത്തിൽ നിറമാല ദിവസം ഒരു കൽത്തൂണിന്റെ പിന്പിൽ ഒളിഞ്ഞിരുന്നു ( “മറഞ്ചിരുന്തെ പാർക്കും മറുമമെന്ന” എന്ന് ഒരു തമിഴ് പാട്ടിൽ പാടിയതുപോലെ…) (മറഞ്ഞിരുന്നു കാണുന്നതിനുള്ള അർത്ഥമെന്താണെന്നു ) ആളെയറിയാതിരിക്കാൻ തലയിൽകൂടെ ഒരു പുതപ്പുകൊണ്ട് മുക്കാടം ഇട്ടു അങ്ങിനെ തായമ്പക കേട്ടുകൊണ്ടിരിക്കുമ്പോൾ അടന്തക്കൂറിലെ നാലാം കാലം ഇരട്ടിമറിയുന്ന സന്ദർഭം വന്നപ്പോൾ കാലം സാധാരണ ഗതിയിൽനിന്നു വല്ലാതെ തള്ളിപ്പോയി നിന്നപ്പോൾ കൊളന്തസ്വാമിക്ക് സംശയം തോന്നി ഈ അപ്പു എന്ന കൊച്ചുപയ്യന്നു അത്രയും തള്ളിപ്പോയ കാലത്തിൽ വെച്ച് ഇരട്ടിമറിച്ചു ഇരികിട പിടിച്ചു തായമ്പകയുടെ കലാശത്തിലേക്കു എത്തിക്കാൻ പറ്റുമോയെന്നു.. എന്നാൽ അപ്പുവിളിച്ച സ്ഥലത്തു അടന്ത എത്തി.. അതിന്റെ മുഗ്ദ്ധ സൗന്ദര്യത്തോടെ !!!
അടന്തയുടെ തിരമാലകൾ മുത്തുമണികൾ പോലെ ചിന്നിച്ചിതറി ഇരികിട എന്ന ഒരു വലിയ ശബ്ദസമുദ്ര സംഗമത്തിലേക്കു ഒരു ഇടിമിന്നലാരവത്തോടെ പ്രവേശിച്ചപ്പോൾ വർധിച്ച വിജൃംഭിതമായ ഒരു വലിയ ഉൾപുളകത്തോടും നിസ്സീമമായ ശിഷ്യ വാത്സല്യത്തോടും തലയിൽ മുക്കാടമിട്ടിരുന്ന പുതപ്പു ദൂരെക്കു വലിച്ചെറിഞ്ഞു “ആഹഹാ.. എന്ന അഴക് അപ്പു ഉന്നോട് അടന്തക്കു” എന്നും പറഞ്ഞു അമ്പലത്തിൽ ആനന്ദ നൃത്തം ചെയ്തു കുളന്തസ്വാമിയാർ … അമ്പല ഭാരവാഹികൾ അയ്യരെ തിരിച്ചറിഞ്ഞു.. “എന്നെ പാർത്താൽ അവൻ ശരിയായി വാശിക്കമാട്ടേൻ” എന്നെല്ലാം അവരോട് പറഞ്ഞു നോക്കിയെങ്കിലും അമ്പല ഭാരവാഹികൾ അയ്യരെ വിടാതെ തായമ്പകയുടെ മുന്നിൽ മുന്നിൽകൊണ്ടിരുത്തി..
തായമ്പക കഴിഞ്ഞപ്പോൾ കൊളന്തസ്വാമി അപ്പുവിനോട് ചെവിയിൽ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…” നാൻ ഉനക്കു ചൊല്ലിക്കൊടുക്കാത്ത ജതിയും നടയുമെല്ലാം ഉനക്കു എങ്കിരുന്നു കെടച്ചിത് …. ചൊല്ലപ്പാ.. അപ്പു”.. …ശിഷ്യനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച ഗുരു.. ഇത് ഒരു അപൂർവ ഗുരു ശിഷ്യ ബന്ധത്തിന്റെ കഥ… അതല്ലെങ്കിൽ ഒരു ബന്ധനത്തിന്റെ കഥ… So, that was the Story of the Lasting Bond of Love between a very Special Guru Called Thiruvilwamala Kolantha Swamy and his Unrivalled shishya called Appumarar… ഈ ലേഖനം വായിക്കാൻ സമയം കണ്ടെത്തിയതിനു നമസ്കാരം..
എഴുത്ത് : Narayan Kutty https://www.facebook.com/narayan.kutty.92